@sameerzuhrin: ഒരു കയ്യിൽ ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയാ ഉപകരണം, മറുകയ്യിൽ വിശുദ്ധ ഖുർആന്റെ ഏടുകൾ. സൗദി അറേബ്യയിലെ മദീന കിങ് ഫഹദ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സർജനായ ഡോ. അബ്ദുല്ല അല്ലാം (Dr. Abdullah Allam) കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നയിക്കുന്നത് അസാധാരണമായൊരു ജീവിതമാണ്. ഉമ്മയുടെ ആഗ്രഹം തന്റെ വിയോഗത്തിന് ശേഷം മകൻ വിശുദ്ധ ഖുർആൻ അധ്യയന രംഗത്ത് സജീവമാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. ഉമ്മയുടെ ആ വസ്വിയ്യത്ത് നെഞ്ചിലേറ്റിയ ഡോ. അല്ലാം, സർജൻ എന്ന ഭാരിച്ച ഉത്തരവാദിത്തത്തിനിടയിലും അതിനായി സമയം കണ്ടെത്തുകയായിരുന്നു. കിങ് ഫഹദ് ആശുപത്രിയിലെ 12 മണിക്കൂർ നീളുന്ന കഠിനമായ സർജറി ഷിഫ്റ്റുകൾക്ക് ശേഷം അദ്ദേഹം നേരെ എത്തുന്നത് മദീനയിലെ തിരുനബിയുടെ പള്ളിയിലേക്കാണ് (മസ്ജിദുന്നബവി). കഴിഞ്ഞ 12 വർഷത്തിലധികമായി എല്ലാ സായാഹ്നങ്ങളിലും മസ്ജിദുന്നബവിയിൽ ഇരുന്നുകൊണ്ട് ഖുർആൻ പാരായണത്തിലെ ഉന്നത വൈദഗ്ധ്യമായ 'പത്ത് ഖിറാഅത്തുകൾ' അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിച്ചുവരുന്നു. പ്രവാചക പള്ളിയുടെ വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ വിപുലമായ ഖുർആൻ പഠന ശൃംഖലയാണ് ദിനേന പ്രവർത്തിക്കുന്നത്. അടുത്തിടെ നടന്ന വാർഷിക ബിരുദദാന ചടങ്ങിൽ മാത്രം വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയ 8,000ലധികം ഹാഫിളുകളാണ് ഈ സംരംഭത്തിലൂടെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. തിരക്കുകൾ നിറഞ്ഞ ലൗകിക ജീവിതവും പരലോക നന്മയും എങ്ങനെ മനോഹരമായി സമന്വയിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഡോ. അബ്ദുല്ല അല്ലാമിന്റെ ഈ ജീവിതയാത്ര.